Monday, April 20, 2009

നിന്നെയും ഞാൻ നിഷേധിക്കുന്നു.

ലോകത്ത്‌ നിലനിൽക്കുന്ന
എല്ലാത്തിനെയുമെന്നതു പോലെ
പ്രണയ കലാപങ്ങളിൽ
നിന്നെയും ഞാൻ നിഷേധിക്കുന്നു.
വിഭ്രാന്തിക്കും അശാന്തിക്കുമിടയിലെ
ഒച്ചയില്ലാത്ത മരണങ്ങളിൽ
എന്നത്തേതുമെന്നതു പോലെ
പ്രണയത്താൽ അറുക്കപ്പെടുന്നു.
നീണ്ടതും ഇരുണ്ടതുമായ
പനിയാത്രകളിൽ
നിന്റെ കനപ്പിനെ
ഞാൻ കഷണങ്ങളാക്കി
മുറിച്ചുപേക്ഷിക്കുന്നു...

Friday, April 17, 2009

വാഴ്‌വ്‌

മറുപടിയില്ലാത്ത മൗനങ്ങൾ കൊണ്ട്‌
നീ വീഴ്ത്തിയതാണ്‌
എന്റെ മുന്നിലെ ഈ കണ്ണുനീരത്രയും.
ഉണർവ്വിൽ തന്നെ നിനക്കയ്‌ എടുക്കപ്പെട്ടതാണ്‌
എന്റെ വാരിയെല്ല്.
നിന്റെ സ്നേഹത്താൽ
കുത്തിത്തുറക്കപ്പെട്ടതാണെന്റെ വിലാപ്പുറം.
നിന്റെ സാന്ത്വനങ്ങൾ സമ്മാനിച്ചതാണ്‌
എന്റെ ഹൃദയത്തിലെ ഈ ആണിപ്പഴുതുകൾ
നിന്റെ മൗനം നിറച്ച സ്വപ്നങ്ങൾ
എന്റെ തോളിൽ വെച്ചു തന്നതാണീ കുരിശ്‌.
നിന്റെ പുഞ്ചിരിക്കായി
പൊടിയാനുള്ളതാണ്‌
എന്റെ ശരീരം.

എന്തെന്നാൽ,
അദൃശ്യമായ എല്ലാ മരണങ്ങൾക്കുശേഷവും
എനിക്കുയിർക്കേണ്ടിയിരിക്കുന്നു.